Raise our Conscience against the Killing of RTI Activists




Sunday, October 17, 2010

സഖറിയാസ്‌ അച്ചനും ഞങ്ങളും

                            സഖറിയാസ്‌ അച്ചന്‍ 8-10 വര്‍ഷം മുമ്പ്‌ ഞങ്ങളുടെ പള്ളിയിലെ വികാരിയായിരുന്നു. മറ്റച്ചന്‍മാരില്‍ നിന്നും വ്യതസ്ഥമായി, ഭൌതീകകാര്യങ്ങളെ തണ്റ്റേടത്തോടു കൂടി   നേരിടാനുള്ള കഴിവാണ്‌ അച്ചനെ പ്രശസ്തനാക്കിയത്‌. കാര്യങ്ങള്‍ക്കെല്ലാം അപ്പപ്പോള്‍ തീരുമാനമെടുത്തിരുന്നതിനാല്‍ ഇടവകയംഗങ്ങള്‍ക്കു അച്ചനെ വളരെ പ്രീയമായിരുന്നു. സ്ഥലത്തെ ഷാപ്പില്‍ നിന്നും പുറത്തു വരുന്ന പാമ്പുകളോട്‌ വല്ലാത്ത ഒരു വാത്സല്യം അദ്ദേഹം വച്ചു പുലര്‍ത്തിയിരുന്നു.

                             ഞങ്ങളുടെ ഇടവക പള്ളി സ്ഥിതി ചെയ്യുന്നത്‌ ടൌണിന്‍റെ നടുക്കു തന്നെയാണ്‌. അതിനാല്‍ പള്ളിയില്‍ നിന്നു നോക്കിയാല്‍ ടൌണിലെയും, തിരിച്ചും കാഴ്ചകള്‍ വ്യക്തമായി കാണാം. അച്ചന്‌ വൈകുന്നേരങ്ങളില്‍ കൈലിമുണ്ടുമുടുത്ത്‌ പള്ളിമുറ്റത്തോടെ ഉലാത്തുന്ന ഒരു പതിവുണ്ട്‌. ഒരിക്കല്‍ ഒരു കള്ളുകുടിയന്‍ നാലു കാലില്‍ ടൌണിലൂടെ പൊകുമ്പോഴാണ്‌, ഒരു ആത്മാവ്‌ കൈലിയുമുടുത്ത്‌ പള്ളിയിലൂടെ ഉലാത്തുന്ന ആ ഭീകര ദൃശ്യം കണ്ടത്‌. വല്ല പിശാചുമാണൊ എന്ന ന്യായമായ സംശയത്തില്‍, കുടിയന്‍ താഴെ നിന്നു വിളിച്ചുചോദിച്ചു, "ഏതു പിശാചാടാ കൈലിയുടുത്തു നടക്കുന്നത്‌?". "ഞാനാടാ പിശാച്‌", എന്ന മറുപടിയോടു കൂടി ഒരു ഭീമാകാര രൂപം തന്‍റെ നേരെ ഇളകി വരുന്നതു കുടിയന്‍ കണ്ടു. ഒട്ടും താമസിയാതെ തന്നെ ആളെ മനസ്സിലാക്കിയ കുടിയന്‍ ക്ഷണം കൊണ്ട്‌ അവിടെ നിന്നു കടന്നു.

                            ഇതുപോലെ മറ്റൊരു കുടിയന്‌ രാത്രി കുറേ നേരം മദ്യപിച്ചു കഴിഞ്ഞപ്പോഴാണ്‌ കുമ്പസാരിക്കണം എന്നൊരു ചിന്ത പൊട്ടിമുളച്ചത്‌. വേഗം തന്നെ കുടിയന്‍ പള്ളിമുറിയിലേക്കോടി. കൊച്ചച്ചന്‍റെ വതില്‍ തട്ടി തുറന്നു കുടിയന്‍ തന്‍റെ നിഷ്കളങ്കമായ ആവശ്യം അറിയിച്ചു. വികാരിയച്ചന്‍ പള്ളിമേടയില്‍ മുകളിലത്തെ നിലയിലാണ്‌ താമസിക്കുന്നത്‌. കൊച്ചച്ചന്‍ താഴെയും. കാര്യം അത്ര പന്തിയല്ലെന്നു മനസ്സിലാക്കിയ കൊച്ചച്ചന്‍, രാത്രി കാലങ്ങളില്‍ കുമ്പസാരിപ്പിക്കാന്‍ വികാരിയച്ചനാണ്‌ നല്ലത്‌ എന്ന ഉപദേശത്തോടെ കുടിയനെ മുകളിലോട്ടു പറഞ്ഞു വിട്ടു. 5 മിനിറ്റ്‌ കഴിഞ്ഞില്ല, കുടിയന്‍ വരാന്തയിലൂടെ 4 കാലില്‍ പുറത്തേക്കോടി പോവുന്നതാണ്‌ കൊച്ചച്ചന്‍ തന്‍റെ മുറിയിലിരുന്നു കണ്ടത്‌.

                               പള്ളിപ്പെരുന്നാള്‍ നടക്കുന്ന സമയം. വികാരിയച്ചനാണ്‌ മൈകിന്‍റെ നിയന്ത്രണം. പ്രദിക്ഷണം കഴിഞ്ഞപ്പോള്‍ വഴി തെറ്റിപ്പോയ ഒരു കുട്ടിയെ കമ്മിറ്റിക്കാര്‍ അച്ചനെ ഏല്‍പ്പിച്ചു. ഉടനെ അച്ചന്‍ മൈകിലൂടെ," ഒരു കുട്ടിയെ കളഞ്ഞു കിട്ടിയിട്ടുണ്ട്‌. താല്‍പ്പര്യമുള്ളവര്‍ പള്ളിമേടയില്‍ വന്ന് ഒത്തു നോക്കേണ്ടതാണ്‌". പ്രദിക്ഷണത്തിനു ശേഷം ഉടനെ തന്നെ കരിമരുന്നു പ്രകടനമാണ്‌. കരിമരുന്നു പ്രകടനത്തിന്‌ മുമ്പ്‌ അച്ചന്‍ മൈകിലൂടെ പ്രധാന നിര്‍ദേശങ്ങള്‍ നല്‍കികൊണ്ടിരിക്കയാണ്‌. അതിനിടയില്‍ അച്ചന്‍ പറഞ്ഞു, "ഞാന്‍ പറയാതെ പടക്കം പൊട്ടിക്കരുത്‌." പറഞ്ഞു തീര്‍ന്നില്ല 2 സാമ്പിള്‍ വാണങ്ങള്‍ ആകാശത്തേക്കുയര്‍ന്നു. ഉടനെ അച്ചന്‍ മൈകിലൂടെ, "നിന്നോടെല്ലേടാ പറഞ്ഞത്‌ ഞാന്‍ പറയാതെ വാണം വിടരുതെന്ന്". അച്ചന്‍റെ ശുദ്ധമനസ്ഥിതിയും സംസാര ശൈലിയും അറിയാവുന്ന ഞങ്ങള്‍ ഇടവകക്കാര്‍ അതൊരു ചിരിയുടെ ആഘോഷമാക്കി മാറ്റി. 5-6 വര്‍ഷം മുമ്പ്‌ സ്ഥലം മാറിപ്പോയ അച്ചന്‍ ഇന്നും ഞങ്ങളുടെയെല്ലാം ഉള്ളില്‍ നിറഞ്ഞു നില്‍ക്കുന്നു.

No comments:

Post a Comment