Raise our Conscience against the Killing of RTI Activists




Saturday, January 22, 2011

സെപ്റ്റിക്‌ തൂമ്പ

                      ഇക്കഴിഞ്ഞ പഞ്ചായത്ത്‌ തിരഞ്ഞെടുപ്പ്‌ കാലം. ഞങ്ങളുടെ പഞ്ചായത്തിലെ തന്നെ മറ്റൊരു വാര്‍ഡ്‌. അവിടെ പൊരിഞ്ഞ മത്സരം നടക്കുന്നു. ജനവാസം കുറച്ചു കുറവായിരുന്നതു കൊണ്ടും, യുവാക്കള്‍ കൂടുതല്‍ തിരഞ്ഞെടുപ്പു പ്രക്രിയകളില്‍ പങ്കെടുക്കണമെന്ന രാഹുല്‍ ഗാന്ധിയുടെ നിര്‍ദ്ദേശം ഉള്ളതുകൊണ്ടും ആ വാര്‍ഡില്‍ വോട്ടര്‍മാരെക്കാള്‍ കൂടുതല്‍ സ്ഥാനാര്‍ത്ഥികളുണ്ടായിരുന്നു. കര്‍ഷക മേഖലയായതു കൊണ്ടും, കര്‍ഷകരോടുള്ള തങ്ങളുടെ അകമഴിഞ്ഞ സ്നേഹം വ്യക്തമാക്കാന്‍ ഉദ്ദേശിച്ചും, മിക്കവരും കാര്‍ഷിക സാമഗ്രികളായ തൂമ്പാ, കലപ്പ എന്നിവയൊക്കെയാണ്‌ ചിങ്ങ്നങ്ങളായി സ്വീകരിച്ചത്‌.

                       പഞ്ചായത്തു തിരഞ്ഞെടുപ്പുകളില്‍ മത്സരം തീ പാറും. സ്വഭാവ മഹിമ കൊണ്ടും, ജന പിന്തുണ കൊണ്ടും, പ്രചാരണത്തിനു തനിച്ചാകാന്‍ വിധിക്കപ്പെട്ട ഏകാംഗ യോദ്ധാക്കളുടെ വോട്ടഭ്യര്‍ഥന എന്ന നിരന്തര ശല്യം നിമിത്തം വാര്‍ഡില്‍ പല കുടുംബങ്ങളും ബുദ്ധിമുട്ടുന്നുണ്ടായിരുന്നു. ഈ പറഞ്ഞതില്‍, തൂമ്പ ചിങ്ങ്നത്തില്‍ മത്സരിക്കുന്നയാളാണ്‌ നമ്മുടെ കഥാനായകന്‍. താന്‍ മൂന്നക്കം വോട്ടു പിടിക്കും എന്നു ബദ്ധശത്രുവും, സ്വന്തം അനുജനുമായ കലപ്പ ചേട്ടനൊടു (കലപ്പ ചിങ്ങ്നത്തില്‍ മത്സരിക്കുന്ന) പന്തയം വച്ചിട്ടാണ്‌ തൂമ്പ ചേട്ടന്‍ ഗോദയിലിറങ്ങിയിരിക്കുന്നത്‌.

                          പ്രചാരണം മൂര്‍ച്ചിച്ചിരിക്കുന്ന സമയം. തൂമ്പ ചേട്ടന്‍റെ പഴയ കുടുംബ വീട്‌ ആ വാര്‍ഡില്‍ തന്നെയാണ്‌. അതിപ്പോള്‍ സ്ഥലത്തെ പ്രമാണിയായ ഒരു നായരുടെ കൈയ്യിലാണ്‌. വോട്ടഭ്യര്‍ത്ഥിക്കാന്‍ രാവിലെ തന്നെ ചേട്ടന്‍ വീട്ടിലെത്തി. ഹസ്തദാനത്തില്‍ തുടങ്ങിയ ചര്‍ച്ച, ഇറാനിലെ അമേരിക്കന്‍ ഇടപെടല്‍, ചൈനയുടെ വളര്‍ച്ച എന്നിവയിലേക്കും നീണ്ടു. വീട്ടുകാരി ഉണ്ടാക്കിത്തന്ന ചൂടന്‍ ചായ ഊതിയൂതി കുടിക്കുമ്പോഴാണ്‌ ചേട്ടന്‍ തന്‍റെ പഴയ വീടിനെപ്പറ്റിയോര്‍ത്തത്‌. താന്‍ കളിച്ചു വളര്‍ന്ന തന്‍റെ സ്വന്തം വീട്‌. "ഓര്‍മ്മകള്‍ മിന്നുന്നിതാ, ആയിരം പൊന്‍പൂക്കളായി, ഇന്നലെയുമിന്നും, നാളെയുമെന്നും..." പരസ്യ ഗാനം tvയില്‍ അലയടിച്ചു.

                          ഗൃഹാതുരത്വം മൂര്‍ച്ചിച്ച ചേട്ടന്‍, വീടിന്‍റെ മുറികളൊക്കെ കയറി കണ്ട്‌, ഓര്‍മ്മകള്‍ അയവിറക്കി. സായിപ്പന്‍മാര്‍, നൊസ്റ്റാള്‍ജിയ എന്നൊക്കെ പേരിട്ടു വിക്രിതമാക്കിയ ആ വികാരം ചേട്ടനില്‍ പൊട്ടിമുളച്ചു. പെട്ടെന്നാണ്‌, ചേട്ടന്‌ ആ ശങ്ക വന്നത്‌. മുഖ്യമന്ത്രിക്കു പോലും വന്നാല്‍ പിടിച്ചു നില്‍ക്കാന്‍ പറ്റാത്ത ശങ്ക, മൂത്ര ശങ്ക. താന്‍ ഇപ്പോ വരാമെന്നും പറഞ്ഞു ചേട്ടന്‍ പറമ്പിലേക്ക്‌. ആരും കാണാതെ കുറച്ചു പുല്‍പ്പടര്‍പ്പുള്ള സ്ഥലത്തേക്കു നീങ്ങി നിന്നു കക്ഷി ശങ്കയോടു പടപൊരുതി. താന്‍ എത്രയോ തവണ മൂത്ര ശങ്ക തീര്‍ത്ത മണ്ണ്‌. പിന്നേയും "ഓര്‍മ്മകള്‍ മിന്നുന്നിതാ..."മനസ്സില്‍ അലയടിച്ചു. ശങ്ക ഏകദേശം കീഴടങ്ങുന്ന അവസ്ഥ വന്നപ്പോഴാണ്‌ അതു സംഭവിച്ചത്‌.

                      സ്ഥാനാര്‍ത്ഥി നിന്നിരുന്ന മണ്ണിനടിയിലുള്ള സെപ്റ്റിക്‌ ടാങ്ക്‌ പൊട്ടി. സ്ഥാനാര്‍ത്ഥി, ആവണക്കെണ്ണയില്‍ മുങ്ങിയപോലെ അതാ ടാങ്കില്‍ നീരാടുന്നു. വീട്ടുകാര്‍ ഓടിയെത്തി. സുഗന്ധം കൊണ്ടും, പ്രത്യേകമായ അവസ്ഥ കൊണ്ടും, സാഹചര്യങ്ങളുടെ സമ്മര്‍ദ്ദം കൊണ്ടും അവര്‍ക്കു അടുക്കാന്‍ ഒരു മടി. നായര്‍ നേരെ ജംക്ഷനിലേക്കു വിട്ടു. അവിടെ തൂംബ ചേട്ടന്‍റെ സ്ഥിരം അനുയായികളായ 5 പേരെയും കൂട്ടി വേഗം തിരിച്ചെത്തി. താന്‍ ഇപ്പോള്‍ കിടക്കുന്ന മഹത്തായ സ്ഥലം ഒന്നു മനസ്സിലാക്കിയെടുക്കാന്‍ സ്ഥാനാര്‍ത്ഥി കുറച്ചൊന്നു പ്രയാസപ്പെട്ടു.

                     സെപ്റ്റിക്‌ ടാങ്കില്‍ നിന്നും സ്ഥാനാര്‍ത്ഥിയെ അനുയായികള്‍ കഠിന ശ്രമത്തിലൂടെ കരക്കു കയറ്റി. കയറ്റി കഴിഞ്ഞപ്പോള്‍ അവരും ഏതാണ്ടു ടാങ്കില്‍ വീണ അവസ്ഥയിലെത്തി. 6 ആത്മാക്കള്‍ സെപ്റ്റിക്‌ ടാങ്കില്‍ നിന്നും ഉയര്‍ന്നുവന്നു, ഒരു ആത്മാവു വിശേഷിച്ച്‌. പിന്നീടു അവിടെ നടന്നതു ഒരു കുളി മേളയായിരുന്നു. 4-5 വട്ടം വാട്ടര്‍ ടാങ്ക്‌ നിറക്കേണ്ടി വന്നു വീട്ടുകാര്‍ക്കു. തന്നെയുമല്ല, മല്ലന്‍മാരെല്ലവരും കൂടി തീര്‍ത്തതു 30 ചന്ത്രിക സോപ്പും. കമ്പനിക്കാര്‍ ഇപ്പോള്‍ ആരെങ്കിലും ടാങ്കില്‍ വീഴാന്‍ പ്രര്‍ത്ഥിക്കയാവും. എന്തൊക്കെയായാലും, കുളി കഴിഞ്ഞ ആത്മാക്കള്‍ 6ഉം പിന്നീടവിടെ ഒരു നിമിഷം പോലും നിന്നില്ല. ഇതിന്‍റെ പേരില്‍ സ്ത്രീകളുടെ കുറേ സെണ്റ്റി വോട്ടുകള്‍ കിട്ടിയ ചേട്ടന്‍, പക്ഷെ പ്രതീക്ഷിച്ച പോലെ തന്നെ ഇലക്ഷനില്‍ തോറ്റു. "മൊത്തം തിരിമറി,ഇതൊക്കെ പണക്കാരുടെ ഒരു കളിയല്ലെ പാര്‍ത്ഥാ...", ചേട്ടന്‍ ആത്മഗതം ചെയ്തു. എന്തൊക്കെയായാലും ചേട്ടന്‍ ഇപ്പോള്‍ "സെപ്റ്റിക്‌ തൂമ്പ" എന്ന പേരില്‍ വാര്‍ഡില്‍ സുപ്രസിദ്ധനാണ്‌.

1 comment:

  1. eda ithokke ullathano, atho valla novellinnum, magazine 'il ninnum adichu mattunnathano ?

    Anyways good story :)

    ReplyDelete