Raise our Conscience against the Killing of RTI Activists




Friday, February 24, 2012

സംവരണത്തിന്‍റെ ശാസ്ത്രം


ഭാരതം വര്‍ഷങ്ങള്‍ക്കു മുമ്പ് പൂര്‍ണ്ണമായും ജാതി വ്യവസ്ഥയുടെ പിടിയിലായിരുന്നു. സ്വാതന്ത്ര ലബ്ദിക്ക് മുമ്പ് അതു നമ്മുടെ സമൂഹത്തെ വരിഞ്ഞു മുറുക്കിയിരുന്നു. ഓരോരുത്തരുടെയും ലാഭത്തിനും കാര്യസാദ്ധ്യത്തിനും വേണ്ടി മനുഷ്യരെ അടിയാനെന്നും, കുടിയാനെന്നുമൊക്കെ വേര്‍തിരിച്ചിരുന്ന ആ കാലത്ത് ഒരു വിഭാഗം ജനത്തിനു സ്വൈര്യമായ ജീവിതമോ, സ്വന്തം മാനമോ പോലും അന്യമായിരുന്നു. മതത്തിന്‍റെ ദര്‍ശനങ്ങള്‍ വളച്ചൊടിച്ചുള്ള ആ സാമൂഹ്യ വ്യവസ്ഥിതിയില്‍ തലമുറകളായി ഒരു വലിയ ജനവിഭാഗം അടിമത്തത്തില്‍ കഴിഞ്ഞു. അതു തന്നെയുമല്ല, ഓരോ വിഭാഗത്തിനും ചെയ്യേണ്ട ജോലികള്‍ വരെ നിശ്ചിതമായിരുന്നു. ശവം ചുമക്കല്‍ മുതല്‍ ജന്മിയുടെ വീട്ടു ജോലി വരെ അത് നീണ്ടു. ഇവരുടെ ദര്‍ശനം പോലും മേല്‍ ജാതിക്കാര്‍ക്ക് പാപഹേതുവായി. സ്ത്രീകള്‍ക്ക് മാറ് മറക്കുവാന്‍ വരെ വിലക്കുണ്ടായിരുന്ന ആ നൂറ്റാണ്ടുകള്‍ ജീവിതം എന്നൊരു ബോധ്യത്തില്‍ നിന്ന് പോലും അവരെ അകറ്റി.

ഈ ഒരു സാമൂഹ്യ പശ്ചാത്തലം സംവരണം എന്നൊരു ആശയം രൂപീകൃതമായത്തിനു പിന്നില്‍ ഉണ്ട്. ഇവരെ മറ്റൊരു വിധത്തിലും വിദ്യാഭ്യാസം എന്ന, അവസരങ്ങളുടെ ലോകത്തേക്കെത്തിക്കുവാന്‍ സാധ്യമായിരുന്നില്ല. യഥാര്‍ത്ഥത്തില്‍ സ്വാതന്ത്ര്യ പ്രാപ്തിക്കു മുന്‍പ് തന്നെ സംവരണം എന്നൊരു ആശയം ഭാരതത്തില്‍ ഉടലെടുത്തിരുന്നു. 1882ല്‍ ബ്രിട്ടീഷുകാരാല്‍ നിയമിക്കപ്പെട്ട ഹണ്ടര്‍ കമ്മീഷന്‍ സ്വതന്ത്രവും, നിര്‍ബന്ധിതവുമായ വിദ്യാഭ്യാസം പിന്നോക്ക വര്‍ഗക്കാര്‍ക്കു നല്‍കണമെന്ന് ശുപാര്‍ശ ചെയ്തു. 1902ല്‍ മഹാരാഷ്ട്രയിലെ ചത്രപതി ശിവാജി മഹാരാജാവ് പിന്നോക്ക വര്‍ഗക്കാര്‍ക്ക് വിദ്യാഭ്യാസത്തിലും തൊഴിലിലും സംവരം നല്‍കുകയുണ്ടായി. 1908 ആയപ്പോഴേക്കും ബ്രിട്ടീഷുകാര്‍ തന്നെ പല സര്‍ക്കാര്‍ സര്‍വീസുകളിലും സംവരണം നല്‍കിയിരുന്നു. 1935ല്‍ കോണ്‍ഗ്രസ്‌, പിന്നോക്ക വിഭാഗക്കാര്‍ക്ക് പ്രത്യേക നിയോജക മണ്ഡലങ്ങള്‍ വേണമെന്ന പൂന പാക്റ്റ് പാസാക്കുകയുണ്ടായി. 1947ല്‍ അംബേദ്‌കര്‍ ഭരണഘടനാ നിര്‍മാണ സമിതിയുടെ അധ്യക്ഷനായി. അദ്ദേഹം സംവരണ വിഭാഗക്കാര്‍ക്ക് പ്രത്യേക ജനപ്രതിനിതികള്‍ വേണം എന്ന ആശയം മുന്നോട്ടു വച്ചെങ്കിലും, അത് ഹിന്ദു മതത്തെ വിഭജിക്കുമെന്നും, അത് വഴി രാജ്യത്തെ തന്നെ വിഭജിക്കുമെന്നും പറഞ്ഞു ഗാന്ധിജി പ്രതിഷേധിച്ചു. തല്‍ഫലമായി നിയോജക മണ്ഡലങ്ങള്‍ സംവരണം ചെയ്യുക എന്ന ആശയം നടപ്പിലാക്കുവാന്‍ തീരുമാനിക്കുകയായിരുന്നു. 1951ല്‍ സുപ്രീം കോടതി ജാതി സംവരണം ഭരണഘടനയുടെ അടിസ്ഥാന തത്വങ്ങള്‍ക്ക് എതിരാണെന്ന് വിധിച്ചെങ്കിലും, ആദ്യത്തെ ഭരണഘടനാ ഭേതഗതി ആയ  Art 15(4) വഴി നെഹ്രു ആ ഉത്തരവിനെ മറികടക്കുകയായിരുന്നു.

സംവരണത്തിന്‍റെ ചരിത്രം വഴി അതിന്‍റെ ഉത്ഭവത്തെ ന്യായീകരിക്കുവാന്‍ സാധിക്കും. ഒരു നിശ്ചിത കാലത്തേക്ക് ഭരണഘടനയില്‍ വിഭാവനം ചെയ്യപ്പെട്ട ജാതി സംവരണം അളവിലും വ്യാപ്തിയിലും വളരുന്ന കാഴ്ചയാണ് സ്വാതന്ത്രാനന്തര ചരിത്രത്തെ നോക്കി കാണുന്ന ഏതൊരാള്‍ക്കും കാണാനാവുക. വര്‍ഷാവര്‍ഷം സംവരണത്തിന്‍റെ അളവ് വളര്‍ന്നുവളര്‍ന്ന്‍, ഇന്നത്‌ 50 ശതമാനത്തില്‍ എത്തി നില്‍ക്കുന്നു. അതും, സുപ്രീം കോടതിയുടെ ഒരു ഉത്തരവിന്‍റെ ബലത്തില്‍ മാത്രമാണ് 50 ശതമാനത്തില്‍ കൂടാത്തത്. അത് പോലെ സംവരണം ഇന്ന് ജാതിക്കു പുറമേ, മതാടിസ്ഥാനത്തിലും, ലിംഗാടിസ്ഥാനത്തിലും, ഭാഷാടിസ്ഥാനത്തിലും, ജന്മസ്ഥലത്തിന്‍റെ അടിസ്ഥാനത്തിലുമെല്ലാം ലഭ്യമായി തുടങ്ങി. ഭാരതം ഇന്ന് സംവരണത്തിന്‍റെ ഒരു നാടായി മാറിയിരിക്കുന്നു. ഉത്തര്‍ പ്രദേശിലെ തിരഞ്ഞെടുപ്പിന്‍റെ പശ്ചാത്തലത്തില്‍, മുസ്ലീമുകള്‍ക്ക് സംവരണ ത്തിനുള്ളില്‍ സംവരണം നമ്മുടെ നിയമമന്ത്രി വാഗ്ദാനം ചെയ്തതും, CPI(M) അവരുടെ പ്രമേയത്തില്‍, സംവരണം 50 ശതമാനത്തില്‍ നിജപ്പെടുത്തിയിരിക്കുന്ന സുപ്രീം കോടതി വിധി മറികടക്കാന്‍ ഭരണഘടനഭേദഗതി വേണമെന്ന് ആവശ്യപ്പെട്ടതും ഇതിനോട് ചേര്‍ത്തു വായിക്കാം. സംവരണം എന്നത് അധസ്ഥിതരുടെ ഒരു തലമുറയെ ദുരിതാവസ്ഥയില്‍ നിന്ന് മോചിപ്പിക്കുവാന്‍ ലക്‌ഷ്യം വച്ചുള്ളതായിരുന്നെങ്കില്‍, ഇന്നു രണ്ടു തലമുറകളോളം സംവരണത്തിന്‍റെ ആനുകൂല്യം പറ്റിയിരിക്കുന്നു. എന്നിട്ടും ഇതിനു യഥാര്‍ത്ഥ ഉപഭോക്താക്കളെ കണ്ടെത്താന്‍ സാധിക്കുന്നില്ലെങ്കില്‍, എങ്കിലാണ് ഇതൊരു പ്രഹസനമാകുന്നത്.

നമ്മുടെ സംവരണത്തിന്‍റെ പ്രധാന പ്രശ്നങ്ങള്‍ ഇവയാണ്.ഒന്നാമതായി, അത് മതത്തിലോ, ജാതിയിലോ അതിസ്ഥിതമാണ്. ആയതിനാല്‍ തന്നെ ഇന്നത്തെ കാലഘട്ടത്തിന്‍റെതായ പ്രശങ്ങള്‍ അനുഭവിക്കുന്ന ഒരു ജനതയെ കണ്ടെത്താന്‍ ബുദ്ധിമുട്ടാണ്. കാരണം, ഇന്നു മതത്തിന്‍റെയും ജാതിയുടെയും പേരിലല്ല, സാമ്പത്തീകം എന്ന ലേബലിലാണ് ചൂഷണങ്ങള്‍ ഏറെയും നടക്കുന്നത്. ഒരു ജാതിയിലോ, മതത്തിലോ ജനിക്കുന്നതുകൊണ്ടു മാത്രം ഒരാള്‍ ആനുകൂല്യത്തിന് അര്‍ഹാനാകുന്നതെങ്ങനെ? ഒരേ ജീവിതാവസ്ഥയിലുള്ള അന്യമതസ്ഥര്‍ക്കും ഈ ആനുകൂല്യങ്ങള്‍ ലഭ്യമാക്കെണ്ടേ? അപ്പോള്‍ ചുരുക്കത്തില്‍ ജാതിയുടെയും മതത്തിന്‍റെയും പേരില്‍, നമ്മുടെ ജനത്തെ വിഭജിക്കുയല്ലേ രാഷ്ട്രീയക്കാര്‍ ചെയ്യുന്നത്? വിഭജിച്ചു ഭരിക്കുക എന്ന പുരാതന നയം, പുത്തന്‍ കോപ്പയില്‍ ഇറക്കി അവര്‍ ജനത്തെ തമ്മിലടിപ്പിക്കുന്നു. അതില്‍ നിന്ന് ലാഭമുണ്ടാക്കുന്നു. രണ്ടാമതായി, ഒരിക്കല്‍ ലഭിച്ചവര്‍ക്ക് പിന്നീട് ഈ ആനുകൂല്യം തടയുന്നതിനുള്ള ഒരു നിയമവും നിലവില്‍ ഇല്ല. ആയതിനാല്‍ തന്നെ, ആനുകൂല്യം ഒരിക്കല്‍ ലഭിച്ചവരുടെ പിന്‍തലമുറക്കാരാണ് ഏറിയ പങ്കും ആനുകൂല്യം വീണ്ടും അനുഭവിക്കുന്നത്, യഥാര്‍ത്ഥ ഉപഭോക്താക്കളായ ആദിവാസികളും മറ്റും ഒരു മാറ്റവുമില്ലാതെ തുടരുന്നതിനുള്ള ഒരു കാരണവും ഇത് തന്നെ. മൂന്നാമതായി, പട്ടിക ജാതി, വര്‍ഗ സംവരണങ്ങളില്‍ വ്യക്തിയുടെ സാമ്പത്തിക നില പരിശോധിക്കുന്നില്ല. ആയതിനാല്‍, വിദ്യാഭ്യാസത്തിനു വേണ്ട സാമ്പത്തീക സൌകര്യമുള്ളവരും‍, സംവരണം വഴി അവസരങ്ങള്‍ നേടിയെടുക്കുന്നു. ഇത് അവര്‍ക്കിടയില്‍ തന്നെ കിടമത്സരം കുറയുന്നതിനും, അതു വഴി വിദ്യാഭ്യാസ നിലവാര തകര്‍ച്ചയ്ക്കും വഴി വെയ്ക്കുന്നു. നാലാമതായി, അന്യ ജാതിയിലോ, മതത്തിലോ പെട്ട  പട്ടിണി പാവങ്ങള്‍ക്ക്, അവര്‍ അതില്‍ ജനിച്ചു പോയി എന്ന ഒറ്റ കാരണത്താല്‍ യാതൊരു വിധ ആനുകൂല്യങ്ങളും ലഭിക്കുന്നുമില്ല. സഹപാഠികള്‍ അല്പം പോലും അധ്വാനിക്കാതെ ഉന്നത സ്ഥാനങ്ങളിലേക്ക് കയറുമ്പോള്‍ ഈ വ്യവസ്ഥിതിയോട് പുച്ഛം തോന്നുക സ്വാഭാവികം.

വോട്ടു ബാങ്കുകള്‍ സൃഷ്ട്ടിക്കുവാനും, വോട്ടുകള്‍ ചോരാതെ പിടിച്ചു നിര്‍ത്തുവാനും രാഷ്ട്രീയ പാര്‍ട്ടികള്‍ എന്നും സംവരണത്തെ ഉപയോഗിക്കുന്നു. നാം എന്ന ജനതയെ മതത്തിന്‍റെയും, ജാതിയുടെയും, ലിംഗത്തിന്‍റെയും, സ്ഥലത്തിന്‍റെയുമെല്ലാം പേരില്‍ അവര്‍ വിഭജിച്ചു കഴിഞ്ഞു. ഏകത്വത്തിന്‍റെ പതിന്മടങ്ങായി നാനാത്വം വളര്‍ന്നിരിക്കുന്നു. തുല്യരെ തുല്യരായി കാണുന്ന ഒരു രാഷ്ട്രം യുവതയുടെ സ്വപ്നമാണ്. അത് ലഭിക്കാതെ വരുമ്പോഴാണ് മറ്റു രാജ്യങ്ങളെ അവര്‍ സ്വപ്നമാക്കുന്നത്. നിര്‍ഭാഗ്യവശാല്‍, സംവരണം രാജ്യത്ത് എല്ലാ കാലവും നിലനില്‍ക്കാനുള്ള സാധ്യതകള്‍ ഏറെയാണ്. അതിന്‍റെ കാരണങ്ങളില്‍ ഒന്നാമതായുള്ളത്, നമ്മുടെ ജനാധിപത്യം തന്നെ. ജനാധിപത്യത്തില്‍ ഒരു വോട്ടു പോലും കുറയ്ക്കുവാന്‍ ഒരു പാര്‍ട്ടിയും തയാറാവില്ല. അത് കൊണ്ട് തന്നെ വോട്ടുബാങ്ക് എന്ന പേരില്‍ ആര്‍ക്കു വേണമെങ്കിലും ഭരണം നിയന്ത്രിക്കാനാവും. രണ്ടാമതായി, രാജ്യത്തു തുടരുന്ന പട്ടിണിയും, വിദ്യാഭ്യാസമില്ലായ്മയും. തന്മൂലം വലിയൊരു ജനവിഭാഗം, ആനുകൂല്യങ്ങളെ പറ്റി ബോധാവാന്മാരാവാതെ ജീവിക്കുന്നു. അവരുടെ എണ്ണം കുറയുന്നില്ലാത്തതിനാല്‍ ഇതിനൊരു മാറ്റം വരുത്താന്‍ ആരും നിര്‍ബന്ധിതമാവില്ല. മൂന്നാമാതായുള്ളത്, രാജ്യത്തു ഇന്നും ശക്തമായി നിലനില്‍ക്കുന്ന ജാതി മത വലയങ്ങലാണ്‍. വ്യക്തിത്വത്തിന് മുകളിലേക്ക് വളരുന്ന ഇത്തിള്‍കണ്ണികളായി മാറിയിരിക്കുന്നു ഇവ. സംവരണത്തില്‍ ഒരു മാറ്റം പോയിട്ട്, അതില്‍ ഒന്ന് സ്പര്‍ശിക്കാന്‍ പോലും ഇവ ആരെയും സമ്മതിക്കില്ല.

ഞാന്‍ പരിപൂര്‍ണമായ ഒരു സംവരണ വിരോധിയല്ല. എന്നാല്‍  അത് അര്‍ഹരിലെത്തണമെന്നും, അതു വഴി സംവരണത്തിന്‍റെ അളവ് കുറയ്ക്കണമെന്നും, അങ്ങനെ ഉദ്യോഗാര്‍ത്ഥികളുടെ മല്‍സരക്ഷമത വര്‍ധിപ്പിക്കണമെന്നും ശക്തമായി ആഗ്രഹിക്കുന്നു. ആയതിനാല്‍ തന്നെ അതിനു വേണ്ട ചില മാര്‍ഗങ്ങള്‍. ഒന്നാമതായി, സംവരണം, ഒന്നോ രണ്ടോ തലമുറയിലേക്ക് പരിമിതപ്പെടുത്തുക. ഒരു തവണ ആനുകൂല്യം കിട്ടുന്നവര്‍ അതുവഴി തങ്ങളുടെ സാമൂഹ്യ നില മെച്ചപ്പെടുത്താന്‍ തീവ്രമായി പരിശ്രമിക്കുകയും, ലഭിക്കാത്തവര്‍ക്ക് കൂടുതല്‍ അവസരങ്ങള്‍ അതു വഴി കൈ വരികയും ചെയ്യും. രണ്ടാമതായി, എല്ലാ സംവരണത്തിലും അര്‍ഹരായവരെ കണ്ടെത്തുവാന്‍ ഒരു സാമ്പത്തീക ലിമിറ്റ് നിശ്ചയിക്കുക. സംവരണം ലഭിക്കുന്നവരുടെ വിവരങ്ങള്‍ പൊതു ജനങള്‍ക്ക് പരിശോധിക്കുവാനുള്ള ഒരു സംവിധാനവും അഭികാമ്യം. അത് സംവരണത്തിലുള്ള തട്ടിപ്പുകള്‍ കുറയ്ക്കുവാന്‍ സഹായിക്കും. മാത്രമല്ല, നികുതി പണം കൊണ്ട് ചെയ്യുന്ന ഒരു സൌജന്യത്തിന്‍റെ അര്‍ഹരെ കുറിച്ചറിയുവാന്‍ പൊതു ജനത്തിന് അവകാശമുണ്ട്. നാലമാതായി, ജാതി മത സംവരണത്തിന്‍റെ അളവ് വളരെ കുറച്ചിട്ടു, സാമ്പത്തീക സംവരണം നടപ്പിലാക്കുക. നടപ്പാക്കാന്‍ ബുദ്ധിമുട്ടെങ്കില്‍, പാവപ്പെട്ടവര്‍ക്ക് സ്കോളര്‍ഷിപ്പോ, കുറഞ്ഞ നിരക്കില്‍ ബാങ്ക് വായ്പ നല്‍കുന്ന പദ്ധതിയോ, നടപ്പിലാക്കിയാലും മതി. സംവരണം വിദ്യാഭ്യാസത്തിനോ, ജോലിക്കോ ഒന്നിനു മാത്രമായി പരിമിതപ്പെടുത്തുന്നതും അഭികാമ്യം.

ജാതി ചട്ടക്കൂടില്‍ നമ്മുടെ രാജ്യം തളക്കപ്പെട്ടിരിക്കുന്നു. അയല്‍ക്കാരന്‍റെ കയ്യിലെ തഴമ്പിനു പകരം തലയിലെ തഴമ്പു വഴി സ്വഭാവം നിശ്ചയിക്കുന്ന കാലമായിരിക്കുന്നു ഇപ്പോള്‍. ഒരു നേരത്തെ ആഹാരത്തിനു വകയില്ലാത്തവര്‍ക്കും സ്വപ്നം കാണുവാനുള്ള അവകാശമുണ്ട്. അത് നേടിയെടുക്കാന്‍ സഹായിക്കേണ്ടത് നല്ല ഒരു സമൂഹവും. ധനം ഏറ്റവും വലിയ അളവ് കോലാകുന്ന കാലത്ത് പഴമയില്‍ തളക്കപ്പെടുവാനാണോ നമ്മുടെ വിധി? അതോ മാറ്റങ്ങള്‍ക്കു ചാലകശക്തിയാകുവാനോ? സമൂഹം നമ്മെ ആവശ്യപ്പെടുന്നുണ്ട്. അത് എന്തിനെന്ന് തീരുമാനിക്കേണ്ടത് നമ്മുടെ മനസ്സാക്ഷിയും.

4 comments:

  1. സംവരണം ഇന്‍ഡ്യയുടെ അര്‍ബുദ്ദമാണ്. സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്നവര്‍ക്ക് സഹായം (സ്കോളര്‍ഷിപ്പ്) നല്‍കാന്‍ ചിലവുണ്ടെന്നതിനാല്‍ പകരം കണ്ടുപിടിച്ച ഒരു എളുപ്പപ്പണിയാണിത്.
    എല്ലാ സര്‍ക്കാര്‍/ഇതര രേഖകളില്‍ നിന്നും 'ജാതി' എന്ന കോളം എടുത്തു കളയണം. 'മതം' കൂടി കളഞ്ഞാല്‍ നന്ന്. സംവരണം കാരണം ജാതിയുടേയും മതത്തിന്റേയും പ്രാധാന്യം കൂടിയിട്ടേയുള്ളൂ.

    ReplyDelete
  2. യഥാര്‍ത്ഥ പ്രശ്നത്തില്‍ നിന്ന് ജനശ്രദ്ധമാറ്റാനുള്ള തന്ത്രമാണ് സംവരണം. എല്ലാവര്‍ക്കും നല്ലതായ വ്യവസ്ഥയാണ് ഉണ്ടാകേണ്ടത്. സംവരണം അതിന് പരിഹാരമല്ല.
    അറിന്റേയും കഴിവിന്റേയും അടിസ്ഥാനത്തിലുള്ള സംവരണം നമുക്ക് വേണം.

    ReplyDelete
  3. ആദ്യമായി നടപ്പില്‍ വന്നത് 10 വര്‍ഷത്തേക്കായിരുന്നു. പിന്നീട് ഓരോ 10 വര്‍ഷം കഴിയുമ്പൊഴും അതു 10 വര്‍ഷത്തേക്കു കൂടി നീട്ടിക്കൊണ്ടിരുന്നു. 60 വര്‍ഷങ്ങള്‍ കൊണ്ടും സംവരണത്തിന് താഴ്ന്നവരെ ഉദ്ധരിക്കാന്‍ കഴിഞ്ഞില്ലെങ്കില്‍ അത് ഒരു തെറ്റ് ആണ് എന്ന് തിരിച്ചറിയാന്‍ സാമാന്യബോധം മതി. മതമില്ലാത്ത ജീവനുകളാണ് നമുക്കാവശ്യം.

    ReplyDelete
  4. ഹലോ, ഞാൻ മിസിസ് നെല്ലി വിലയേറിയ വെറും 2% പലിശ വായ്പ പ്രദാനം ഒരു സ്വകാര്യ വായ്പ ബാങ്കായ ആകുന്നു. ഞങ്ങൾ വ്യക്തവും ഒപ്പം മനസ്സിലാക്കാവുന്നതേയുള്ളൂ വായ്പ നിബന്ധനകൾ പ്രകാരം സാമ്പത്തിക വൈഷമ്യത്തിലകപ്പെടുമ്പോൾ വ്യക്തികൾക്കും കമ്പനികൾക്ക് സ്വകാര്യ ലോൺ, കാർ വായ്പ ബിസിനസ്സ് തലസ്ഥാനമായ, സ്വകാര്യ വായ്പ തുടങ്ങിയവ അർപ്പിച്ചു. ഇമെയിൽ വഴി ഞങ്ങളെ ഇന്നുതന്നെ ബന്ധപ്പെടുക ഞങ്ങൾ നിന്നെ ലോൺ നിബന്ധനകളും വ്യവസ്ഥകളും നൽകാൻ കഴിയും: (nellyperious@gmail.com)

    ReplyDelete